Library SSWEET

ലൈബ്രറി സ്വീറ്റ്

Library SSWEET

[society, Seeking the Ways of Effective Educational Trends]

പുസ്തകങ്ങൾ , വിവിധ പ്രസിദ്ധീകരണങ്ങൾ എന്നിവ ശേഖരിച്ചു വെക്കുകയും ആവശ്യക്കാർക്ക് നിബന്ധനകളോടെ ഉപയോഗിക്കാൻ കൊടുക്കുകയും ചെയ്യുന്ന സ്ഥാപനമാകുന്നു ലൈബ്രറി എന്നാണ് പൊതു നിർവചനം

താളിയോലകൾ, കയ്യെഴുത്ത് പ്രതികൾ, പുസ്തകങ്ങൾ, പ്രസിദ്ധീകരണങ്ങൾ , സിനിമകൾ , കളിയുപകരണങ്ങൾ , പഠനോപകരണങ്ങൾ , വിദ്യാഭ്യാസസംബന്ധികളായ സി ഡി കൾ, ഡിജിറ്റൽ പുസ്തകങ്ങൾ, ചിത്രങ്ങൾ, സംഗീതം , ടീച്ചിങ്ങ് മാന്വലുകൾ , കുട്ടികളുടെ ക്ലാസ്രൂം നോട്ടുകൾ എന്നിങ്ങനെ നിരന്തരം വികസിക്കുന്ന ഒരു ശേഖരവും , ആവശ്യക്കാർ വളരെ ലഘുവായ നിബന്ധനകളോടെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന ലൈബ്രറിയാണ് ലൈബ്രറി സ്വീറ്റ്

2015 ഏപ്രിൽ മുതൽ പ്രവർത്തനം തുടങ്ങി. അതിനും ഒരു വർഷം മുമ്പ് ഒരുക്കങ്ങൾ ആരംഭിച്ചു. ശ്രീകൃഷ്ണപുരത്ത് ഋതുവിൽ SSWEET എന്ന സൊസൈറ്റിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ലൈബ്രറി ഒരുക്കിയത്. വിദ്യാഭ്യാസരംഗത്തെ നവീനവും ഫലപൂർണ്ണവുമായ രീതിപ്രവണതകൾ അന്വേഷിക്കുന്ന ഒരു കൂട്ടായ്മയാണ് ഈ സൊസൈറ്റി. കണ്ടെത്തിയവ പൊതുവിദ്യാഭ്യാസത്തിന്റെ മികവിന്നായി പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നു. തുടർച്ചയായി മെച്ചപ്പെടുത്തുന്നു. ഈ റജിസ്റ്റേർഡ് സൊസൈറ്റിയിൽ അദ്ധ്യാപകർ, എഞ്ചിനീയർമാർ, മനശ്ശാസ്ത്രജ്ഞർ, കമ്പ്യൂട്ടർ വിദഗ്ദ്ധർ, എഴുത്തുകാർ, സന്നദ്ധപ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ എന്നിങ്ങനെ സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ അംഗങ്ങളാണ്. പൂണ്ണമായും സന്നദ്ധപ്രവർത്തനം. ലൈബ്രറി , ssweet ന്റെ ഒരു ഘടകമായി കേരള സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ മേൽനോട്ടത്തിലും നിയമങ്ങൾക്കും വിധേയമായി നടത്തുന്നു.

ലൈബ്രറി സ്വീറ്റിന്റെ പ്രസിഡന്റ് ടി എം അനുജനും സെക്രട്ടറി എസ് വി രാമനുണ്ണിയും ആണ്. 11 അംഗ ഭരണസമിതി ഉണ്ട്. ബാലവേദിയും അതിന്റെ പരിപാടികളും ധാരാളം നടക്കുന്നു. ദിവസം മുഴുവൻ ലൈബ്രറി പ്രവർത്തിക്കുന്നു.

ലൈബ്രറിയുടെ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഭാഗം പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താനുള്ളവയാണ്. സർഗാത്മകമായ വായനയും എഴുത്തും പഠനവും വളർത്തിയെടുക്കാൻ ശ്രമിക്കുകയാണിവിടെ. എഴുത്തും വായനയും പഠനവും പരസ്പരം ബന്ധിക്കപ്പെട്ടതും അത് സർഗത്മകമാവുന്നതിലൂടെ വിദ്യാഭ്യാസം മികവുറ്റതാവുകയും ചെയ്യും.

സ്കൂൾ ലൈബ്രറിയായാലും മറ്റു സാധാരണ വായനശാലയായാലും അതെല്ലാം കുട്ടികളുടെ അധികവായനക്കോ വിനോദവായനക്കോ പ്രാധാന്യം നൽകുന്നു. സ്കൂളുകളിൽ പാഠപുസ്തകത്തിനപ്പുറത്തേക്കുള്ള വായന ഒരു ഹോബി [ ഒഴിവുസമയ വിനോദം ] എന്ന നിലയിലേ കാണാറുള്ളൂ. എഴുത്താകട്ടെ [ കഥ / കവിത / ഉപന്യാസം… ] ഒരു ഒഴിവുസമയ പ്രവർത്തനവും. കുട്ടിക്ക് പഠനസമയം കഴിഞ്ഞുള്ള [ മിക്കപ്പോഴും അധ്യാപകന്റേയും രക്ഷിതാവിന്റേയും കണ്ണിൽ പെടാതെ ] വായനയും എഴുത്തും മാത്രമേ ആലോചിക്കാനാവൂ. ക്ലാസ്മുറികളിൽ വളരെ മാറ്റങ്ങൾ വന്നിട്ടും പരീക്ഷകളിൽ ഊന്നുന്ന പഠനമാണ് ഇതിനൊക്കെ കാരണം തുടങ്ങിയ വാദങ്ങൾ നമുക്ക് ചുറ്റുമുണ്ട്.

ഇക്കാര്യത്തിലാണ് വായന , എഴുത്ത് , പഠനം ലൈബ്രറി സ്വീറ്റ് വ്യത്യസ്തമാകുന്നത്. വായന, എഴുത്ത്, ചിത്രം, നാടകം, കളികൾ, ചെസ്സ്, കളിപ്പാട്ടങ്ങൾ, പലവിധ നിർമ്മാണപ്രവർത്തനങ്ങൾ, സിനിമകാണൽ, ഡിജിറ്റലൈസേഷൻ [ വായനാകാർഡുകൾ, ഓൺലയിൻ ക്വിസ്സ് , ഓൺലയിൻ ലൈബ്രറി ] , ക്യാമ്പുകൾ, പുസ്തകപ്രദർശനം, പുസ്തകപ്രസാധനം, ശാസ്ത്രപ്രവർത്തനങ്ങൾ…… തുടങ്ങിയവയിലൂടെയാണ് സാർഥകമായ പഠനം നടക്കുന്നത്. അറിവ് നിർമ്മിക്കപ്പെടുന്നത് . ഇതൊക്കെ നിലവിൽ സ്കൂൾ പഠന ബാഹ്യപ്രവർത്തനങ്ങളായാണ് കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും കാണുന്നത്. അതുകൊണ്ടുതന്നെ കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും SSWEET ഉം ലൈബ്രറിയും ഋതു ബുക്ക്സും [ സ്വീറ്റിന്റെ മറ്റൊരു പ്രവർത്തനമാണ് ഋതു ബുക്ക്സ് ] ഒക്കെ ധാരാളം കൂടിച്ചേരലുകൾ ഒരുക്കുന്നു. ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്ന് ധാരാളം കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും വായനശാലപ്രവർത്തകരും സാമൂഹ്യസന്നദ്ധ പ്രവർത്തകരും നിരന്തരം ഇവിടെ എത്തുന്നു. വായന, എഴുത്ത്, ചിത്രം, കളികൾ, നാടകം, നിർമ്മാണം, ഡിജിറ്റലൈസേഷൻ, കൗൺസലിങ്ങ് , രക്ഷാകർത്തൃശാതീകരണം ശിൽപ്പശാലകൾ ഇവിടെ ധാരാളമയി സംഘടിപ്പിക്കുന്നു. എല്ലാം ചേരുമ്പോൾ പഠനം അനേകവ്യാപാരങ്ങളുടെ സമ്മേളനമാവുകയും അറിവ് നിർമ്മിക്കപ്പെടലവുകയും ചെയ്യുന്നു.

ലൈബ്രറി സ്വീറ്റിന്റെ പ്രവർത്തനങ്ങൾ ഇനിയും ഒരു പാട് മുന്നോട്ടുപോവുകയും വ്യാപിക്കുകയും ചെയ്യേണ്ടതുണ്ട്. ഒരു പാട് മെച്ചപ്പെടേണ്ടതുണ്ട്. ആധികാരികമാവേണ്ടതുണ്ട്. മാതൃകകൾ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. ശ്രീകൃഷ്ണപുരം ബ്ലോക്കിലെ മുഴുവൻ വായനശാലകളും കൂടിയോജിച്ചുകൊണ്ട് പ്രവർത്തനങ്ങൾ തുടങ്ങേണ്ടതുണ്ട്. ബ്ലോക്കിലെ മുഴുവൻ കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും തുടക്കത്തിൽ ഇതിന്റെ പ്രയോജനം കിട്ടേണ്ടതുണ്ട്. ബ്ലൊക്കിലെ മുഴുവൻ വിദഗ്ദ്ധരുടെ [ പല മേഖലകളിൽ വിദഗ്ദ്ധരായ 370 പേരുടെ കാറ്റലോഗ് മണ്ണമ്പറ്റ ടി ടി ഐ തയ്യാറാക്കിയിട്ടുണ്ട്.ഇനിയും ഉണ്ടാവുകയും ചെയ്യും. ഇത്രയും വൈദഗ്ദ്ധ്യം ചുറ്റുമുള്ളപ്പോൾ നമ്മുടെ കുട്ടികൾ പഠനത്തിൽ പിന്നിലാവുന്നത് നീതീകരിക്കാനാവില്ല. ] സഹായവും വൈദഗ്ദ്ധ്യവും വായനശാലകൾക്ക് നിരുപാധികം കിട്ടേണ്ടതുണ്ട്. ഗ്രന്ഥശാലാസംഘം ആദ്യശ്രമെന്ന നിലയിൽ ഇത് ആലോചിക്കേണ്ടതാണ്. ബ്ലോക്കിലെ മുഴുവൻ വായനശാലകളേയും സ്വരൂപിച്ച് നേരിട്ടും ഡിജിറ്റലായും ഒന്നിപ്പിക്കാനുള്ള ശ്രമം ഉണ്ടാവണം. ഏതു മുങ്കയ്യിനും ലൈബ്രറി സ്വീറ്റ് ഉണ്ടാവും.

Advertisements